
തൃശൂർ: നട്ടെല്ല് ശസ്ത്രക്രിയയിൽ സംസ്ഥാനത്ത് പുതിയ നാഴികകല്ലാവുന്ന യൂണിലാറ്ററൽ ബൈപോർട്ടൽ എൻഡോസ്കോപ്പിക് (യുബിഇ) സിസ്റ്റം തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്ഥാപിച്ചു.
ജർമ്മൻ മെഡിക്കൽ ടെക്നോളജി കമ്പനിയായ റിച്ചാർഡ് വുൾഫ് ജിഎംബിഎച്ച് വികസിപ്പിച്ച ഈ സാങ്കേതിക വിദ്യ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമാണ്.
ഹെർണിയേറ്റഡ് ഡിസ്കുകൾ പോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനായി യുബിഇ സിസ്റ്റം സഹായിക്കും.
അസാധാരണമായ കൃത്യതയിലുടെ ചികിത്സയുടെ ആഘാതം കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണിതെന്ന് ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ പറഞ്ഞു.
"യുബിഇ സാങ്കേതികത മികച്ച ഒരു ബൈപോർട്ടൽ രീതിയാണ് ഉപയോഗിക്കുന്നത്. ഒന്ന് വഴി നട്ടെല്ലിൻ്റെ ആന്തരിക ദൃശ്യങ്ങളും മറ്റൊന്ന് വഴി ചികിത്സാ നടപടിക്രമവും സാധ്യമാവും," ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ന്യൂറോസർജറി മേധാവി ഡോ. എൻ. ഐ. കുര്യൻ പറഞ്ഞു.
"സങ്കീർണ്ണമായ കേസുകളിൽ നട്ടെല്ലിന്റെ ഇരുവശങ്ങളിലുമുള്ള ശസ്ത്രക്രിയകൾ ഒരേ സമയം തന്നെ നടത്താൻ ശസ്ത്രക്രിയാ വിദഗ്ധർക്ക് കഴിയുമെന്നതും പ്രധാന നേട്ടമാണ്," ഡോ. എൻ. ഐ. കുര്യൻ പറഞ്ഞു.
നട്ടെല്ലിന് നടത്തിയ ആദ്യ ശസ്ത്രക്രിയയിൽ നിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള രണ്ടാമത്തെ ശസ്ത്രക്രിയ അഥവാ റിവിഷൻ സർജറി ചുറ്റുമുള്ള കോശ കലകൾക്ക് കാര്യമായ കേടുവരാതെ നടത്താൻ താക്കോൽ ദ്വാരം വഴിയുള്ള ഈ ബൈപോർട്ടൽ ശസ്ത്രക്രിയാ രീതി സഹായിക്കും.
താക്കോൽ ദ്വാരം വഴി നടത്തുന്ന ഓപ്പൺ മൈക്രോസ്കോപ്പിക് ഡിസ്കെക്ടമി, നട്ടെല്ലിൻ്റെ പല അവസ്ഥകൾക്കും എറെ നല്ല ചികിത്സയാണ്. എന്നാൽ ശസ്ത്രക്രിയയിൽ കൂടുതൽ മൃദുവായ കോശജാലങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നതാണ് പുതിയ സാങ്കേതിക വിദ്യ.
ഈ സാങ്കേതികവിദ്യ രക്തനഷ്ടം കുറയ്ക്കുന്നതിനും, ശസ്ത്രക്രിയാനന്തര വേദന കുറയ്ക്കുന്നതിനും, വളരെ വേഗത്തിൽ സുഖം പ്രാപിക്കാനും സഹായിക്കും.
ഉദ്ഘാടന ചടങ്ങിൽ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ കരേപറമ്പൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, ന്യൂറോ സർജറി മേധാവി ഡോ.എൻ. ഐ. കുര്യൻ; ന്യൂറോ സർജൻ ഡോ. രമേശ്. എസ്; ചീഫ് കാർഡിയോളജിസ്റ്റ് ഡോ. ഗോവിന്ദൻ ഉണ്ണി, ഇൻ-ചാർജ് സിസ്റ്റർ റെജീന, സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകിയ സ്റ്റെല്ലാർ സർജി സിസ്റ്റം ഡയറക്ടർ സജിത്ത് റഹ്മാൻ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google











